ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഉദയംപേരൂര്‍.
എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ബ്ളോക്കില്‍ മണകുന്നം വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്‍റെ വിസ്തീര്‍ണ്ണം 24.85 ചതുരശ്ര കിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്ക് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും, ചോറ്റാനിക്കര പഞ്ചായത്തും, തെക്ക് ആമ്പല്ലൂര്‍ പഞ്ചായത്തും, കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തും, ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തും, പടിഞ്ഞാറ് കുമ്പളം പഞ്ചായത്തും, ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തും, കിഴക്ക് ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂര്‍ പഞ്ചായത്തുകളുമാണ്. തിരുവിതാംകൂര്‍-കൊച്ചിയുടെ അതിര്‍ത്തികല്ലുകള്‍ ഇന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ ചരിത്രസ്മാരകമായി അവശേഷിക്കുന്നു. 1599-ല്‍ ചരിത്രപ്രസിദ്ധമായ സുന്നഹദോസ് നടന്നത് ഈ പഞ്ചായത്തിലാണ്. പോര്‍ട്ടുഗീസുകാരുടെ വരവോടുകൂടി സുറിയാനി ക്രിസ്ത്യാനികളെയാകെ റോമന്‍ കത്തോലിക്കരാക്കുന്ന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഉദയംപേരൂര്‍ പള്ളിയങ്കണത്തില്‍ ഏതാണ്ട് 150-ല്‍ പരം സുറിയാനി ക്രിസ്ത്യാനികള്‍ ചേര്‍ന്ന മഹാസമ്മേളനമാണ് സുന്നഹദോസ് എന്ന പേരില്‍ അറിയപ്പെടുന്നത്. പഞ്ചായത്ത് അതിര്‍ത്തിയിലെ ആദ്യക്ഷേത്രമായ പെരംതൃക്കോവില്‍ ക്ഷേത്രം ഭാര്‍വരാമനാല്‍ പണികഴിപ്പിച്ച ക്ഷേത്രമാണ് എന്നു വിശ്വസിക്കുന്നു. കടലിന്‍റെ ഊര് എന്നര്‍ത്ഥം വരുന്ന പറവൂര്‍ (തെക്കന്‍ പറവൂര്‍) നൂറ്റാണ്ടുകള്‍ക്കപ്പുറം തിരക്കേറിയ (തെക്കന്‍ പറവൂരിലെ തെരുവ്) വ്യാപാര കേന്ദ്രമായിരുന്നു. മണകുന്നംദേശം ആസ്ഥാനമാക്കിയുള്ള പകുതി ഭാഗമാണ് ഉദയംപേരൂര്‍. പകുതി ദേശങ്ങള്‍ ചെമ്പ് തുരുത്തുന്ന പാലാംകടവ് എന്നീ പ്രദേശങ്ങളുമാണ്. വൈക്കം ആസ്ഥാനമായുള്ള വടക്കുംകൂര്‍ രാജവംശത്തിന്റെ കൈവശത്തിലായിരുന്നു ഈ ഭാഗം. ഭൂമിയുടെ ഉടമസ്ഥാവകാശങ്ങള്‍ മനകള്‍ക്കായിരുന്നു. ഗ്രാമത്തിന് തനതായ ഭരണ ക്രമം തുടങ്ങുന്നത് 1948-ല്‍ ആയിരുന്നു. വൈക്കം താഹസില്‍ദാര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ നിന്നും ആദ്യത്തെ വില്ലേജ് യൂണിയന്‍ തിരഞ്ഞെടുപ്പു നടന്നു. കരം തീരുവ ഉള്ളവരെ കൂടാതെ ബിരുദമുള്ളവര്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നു. പ്രസിഡന്‍റായി കെ.റ്റി.വര്‍ക്കിയെ തെരഞ്ഞെടുത്തു. 1952-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തോട് ജനകീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതുവരെ ഇവരായിരുന്നു പഞ്ചായത്തു ഭരണം നടത്തിയിരുന്നത്. ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തിലേക്കും അവിടെനിന്നു തിരിച്ചും ഇവിടത്തുകാര്‍ യാത്ര ചെയ്യുന്നത് ജലയാത്രയെ ആശ്രയിച്ചിട്ടാണ്. പൂത്തോട്ടയില്‍ പഞ്ചായത്തുവക ബോട്ടു ജെട്ടിയുണ്ട്. ഇവിടെ നിന്നും പെരുമ്പളം, പാണാവളളി എന്നി പ്രദേശങ്ങളിലേക്ക് സര്‍ക്കാര്‍ ബോട്ടു സര്‍വ്വീസ് നടത്തിവരുന്നു. പറവൂര്‍ ഫെറിയില്‍ നിന്നും പെരുമ്പളം ദ്വീപിലേക്ക് യമഹാ സര്‍വ്വീസ് നടത്തുന്നുണ്ട്. കേരളത്തിലെ മറ്റൊരു മണ്ണാറശാല എന്നറിയപ്പെടുന്ന ആമേട അമ്പലത്തില്‍ കന്നിമാസത്തിലെ ആയില്ല്യം നാളില്‍ കേരളത്തിന്റെ വെളിയില്‍ നിന്നുപോലും ആയിരക്കണക്കിനു ഭക്തജനങ്ങള്‍ വന്നു പോകുന്നു. കേരളത്തിന്റെ ചരിത്രരേഖകളില്‍ ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട സുന്നഹദോസ് നടന്ന പള്ളിയും ഈ പഞ്ചായത്തിന്റെ സാംസ്കാരികതയുടെ പ്രതീകങ്ങളാണ്..